തൃച്ചി: തമിഴ്നാടിനെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ വ്യത്യസ്ത പ്രതിഷേധം. ദാരിദ്ര സൂചകമായി ചത്ത എലിയെ വായില്‍വെച്ചുകൊണ്ടാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. തൃച്ചി കലക്ട്രേറ്റ് ക്യാമ്പസില്‍ വെളളിയാഴ്ചയായിരുന്നു പ്രതിഷേധം. ദാരിദ്ര്യം കാരണം ഞങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായി എന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ പറയുന്നു.
ദേശീയ തെന്നിദിയ നദികള്‍ ഇനൈപ്പു സംഘത്തിനു കീഴിലുള്ള കര്‍ഷകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. വരള്‍ച്ച കൃഷിയെ വലിയ തോതില്‍ ബാധിച്ചുവെന്നും ഇത് തങ്ങളെ ദാരിദ്ര്യത്തിലാക്കിയെന്നും കര്‍ഷകര്‍ പറയുന്നു. മഴകുറഞ്ഞതും കാവേരിയില്‍ നിന്നും ജലം വിതരണം ചെയ്യാന്‍ കഴിയാത്തതും കാരണം സംസ്ഥാനം മുഴുവന്‍ കൊടും വരള്‍ച്ചയുടെ പിടിയിലാണ്. വിളവ് നശിച്ചതുകാരണം ചില കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. കര്‍ഷകരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധമാണ് സമരമെന്നും സംഘാടകര്‍ വ്യക്തമാക്കി.