കാണ്ഡഹാര്‍ റാഞ്ചല്‍ ; ഇന്ത്യന്‍ ജയിലിലെ ഭീകരരെ വിട്ടയ്ക്കാതെ തന്നെ യാത്രക്കാരെ ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

    ന്യൂഡല്‍ഹി : കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ താലിബാന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ പിന്തുണ ഉണ്ടായിരുന്നുവെന്നും ആ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ തടവിലുണ്ടായിരുന്ന ഭീകരരെ വിട്ടയ്ക്കാതെ യാത്രക്കാരെ ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും വെളിപ്പെടുത്തല്‍. മുന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

    മിര മക്ഡൊണാള്‍ഡിന്റെ പുസ്തകത്തിലാണ് ഡോവല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഭീകരര്‍ റാഞ്ചിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ മോചനത്തിനായി അന്ന് ഇടനില പ്രവര്‍ത്തിച്ച ആളാണ് ഡോവല്‍.

    സംഭവത്തില്‍ ഡോവലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

    ആയുധധാരകളായ നിരവധി താലിബാന്‍ ഭീകരന്‍ ആ സമയം റണ്‍വേയില്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഐ.എസ്.ഐയില്‍ നിന്നുള്ള രണ്ടുപേരെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവരില്‍ ഒരാള്‍ ലെഫ്.കേണലും മറ്റൊരാള്‍ മേജറും ആയിരുന്നു. വിമാനം റാഞ്ചിയവര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നുവെന്നും ഡോവല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

    1999 ലാണ് 180 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേയ്ക്ക് പോരുകയായിരുന്ന എയര്‍ഇന്ത്യ വിമാനം ഏഴു ദിവസത്തോളം ഭീകരര്‍ പിടിച്ചടക്കിയത്.. ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കിയ ശേഷം കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കുകയും തുടര്‍ന്ന് അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്ത്യ തടവിലാക്കിയിരുന്ന മൂന്ന് തീവ്രവാദികളെ വിട്ടയച്ച ശേഷം യാത്രക്കാരെ മോചിപ്പിക്കുകയുമായിരുന്നു.