വിമാനത്തില്‍ സ്ത്രീകള്‍ക്കു നേരെ നീളുന്ന കൈകള്‍ക്ക് എയര്‍ ഇന്ത്യയില്‍ കൂച്ചുവിലങ്ങ്

     ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ നിയന്ത്രിക്കാന്‍ കൈവിലങ്ങുമായി എയര്‍ ഇന്ത്യ രംഗത്ത്. സ്ത്രീകളെ കൈയ്യേറ്റം ചെയ്യുന്നവര്‍ക്ക് എയര്‍ഇന്ത്യ ഇനി വിലങ്ങുവയ്ക്കും. എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനിയാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്.  പ്ലാസ്റ്റിക് കൈവിലങ്ങുകളാണ് ഇതിനായി എയര്‍ഇന്ത്യ വിമാനത്തില്‍ കരുതുക.

    കഴിഞ്ഞ ഡിസംമ്പര്‍ 21 ന് മുംബൈ- അമേരിക്ക എയര്‍ ഇന്ത്യ വിമാനത്തിലും ജനുവരി രണ്ടിന് മസ്‌കറ്റ്- ഡല്‍ഹി സര്‍വീസിലുമാണ് ലൈംഗിക അതിക്രമം നടന്നത്. സഹയാത്രികരായ സ്ത്രീകള്‍ക്കു പുറമേ എയര്‍ഹോസ്റ്റസിനു നേരെയും അടുത്തിടെ ലൈംഗീകാതിക്രമം ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് വിമാന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സുരക്ഷ പ്രദാനം ചെയ്തുകൊണ്ടാകും എയര്‍ ഇന്ത്യ പറക്കുക.നിലവില്‍ രാജ്യാന്തര വിമാന സര്‍വീസുകളില്‍ ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചു വരുന്നുണ്ട്.