കോഴിക്കോട്: കേരളത്തില്‍ ആര് സംസാരിക്കണം എന്ന് തീരുമാനിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിന്മറുപടിയായാണ് തോമസ് ഐസക്കിന്‌റെ പ്രതികരണം.
ജനങ്ങളുടെ ദുരിതത്തെ കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാം മോഡിയുടെ പരിഷ്‌കാരത്തെ തുഗ്ലക്ക് പരിഷ്‌ക്കാരം എന്ന് വിശേഷിപ്പിച്ചത് കാര്യം മനസിലാക്കി തന്നെയാണെന്നും തോമസ് ഐസക് വ്യക്തമാക്കി. കേരളത്തിലെ ബി.ജെ.പി എന്താണെന്ന് ആലോചിക്കണമെന്നും മോദിയുടെ ഹുങ്ക് ഇവിടെ കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോഡിക്കെതിരെ പറയാന്‍ എം.ടിക്ക് എന്തവകാശമാണുള്ളതെന്നും രാജ്യം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നുമാണ് എം.ടിയോട് ബിജെപി ചോദിച്ചത്. ബി.ജെ.പി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലാണ് എം.ടിക്കെതിരെ പ്രതികരിച്ചത്. എം.ടി കാര്യങ്ങളറിയാതെ പ്രതികരിച്ചത് ശരിയായില്ലെന്നും സേതുവും മോഹനവര്‍മ്മയും അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
എം.ടി ഇപ്പോള്‍ കിളിമൊഴി നടത്തുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും എം.ടിയുടെ വീടിനടുത്ത് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്ന എം.ടി ഇപ്പോള്‍ തുഞ്ചന്‍ പറമ്പിലിരുന്ന് പ്രതികരിക്കുന്നത് എന്തിനാണെന്ന് അറിയാമെന്നും എ.എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.