സ്പാനിഷ് ലീഗിലെ ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ഇന്ന്

നൗക്യാമ്പ്: സ്പാനിഷ് ലീഗിലെ എല്‍ ക്ലാസിക്കോ മത്സരം ഇന്ന്. സ്വന്തം തട്ടകത്തിലാണ് ബാഴ്സലോണ ചിര വൈരികളായ റയല്‍ മാഡ്രിഡിനെ നേരിടുക. ഇന്ത്യന്‍ സമയം രാത്രി 8.45നാണ് മത്സരം ആരംഭിക്കുക.

ലയണല്‍ മെസി ,നെയ്മര്‍ ,ലൂയി സുവാരസ് ത്രയത്തിന്റെ കരുത്തിലാണ് ബാഴ്‌സലോണ ഇറങ്ങുന്നത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, ഗരത് ബെയില്‍ എന്നിവര്‍ റയലിനും  കരുത്ത് പകരും. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. പത്ത് ജയവും മൂന്ന് സമനിലയുമാണുളളത്. ഈ സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമാണ് റയല്‍.

അതേസമയം നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണുള്ളത്. എട്ട് ജവും മൂന്ന് സമനിലയും രണ്ട് പരാജയവും ബാഴ്സയ്ക്കുണ്ട്. അവസാന 13 എല്‍ ക്ലാസിക്കോകളില്‍ സ്വന്തം മൈതാനത്ത് ബാഴ്‌സ പരാജയപ്പെട്ടത് മൂന്നെണ്ണത്തില്‍ മാത്രമാണ്. ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയലിനെ കീഴടക്കിയാല്‍ അത് ബാഴ്‌സയുടെ അന്‍പതാം വിജയമാകും. എന്നാല്‍ അവസാനം കളിച്ച ഒമ്പത് പോരാട്ടങ്ങളില്‍ അഞ്ചിലും ജയിച്ചത് റയലായിരുന്നു.