കൊച്ചി : മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശയിലാണ് തന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്നും നമ്മളൊക്കെ മനുഷ്യരല്ലേ എന്നും കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റന്‍ സഞ്ജു വി.സാംസണ്‍. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശയിലാണ് തന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് അന്വേഷണ സമിതിയ്ക്ക് മുന്നില്‍ സഞ്ജു വിശദീകരണം നല്‍കി.
ഇന്ത്യ എ-ടീമിനു വേണ്ടി നന്നായി കളിച്ച തനിക്ക് രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി നന്നായി കളിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ നിരാശയും ദേഷ്യവും അടക്കാനായില്ലെന്നും നമ്മളൊക്കെ മനുഷ്യരല്ലേ എന്നും വിശദീകരണത്തില്‍ സഞ്ജു പറഞ്ഞു.
സഞ്ജു വി.സാംസണെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. സഞ്ജുവിന്റെ വിശദീകരണം ആത്മാര്‍ത്ഥമാണെന്ന് കരുതുന്നുവെന്നും സംഭവം താരത്തിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുന്ന കെ.സി.എ അസോസിയേഷന്‍ പ്രത്യേക സമിതി വ്യക്തമാക്കി.
മാനസിക സമ്മര്‍ദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്താണ് സഞ്ജുവിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് സമിതിയുടെ വിലയിരുത്തല്‍. താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ആദ്യത്തെ സംഭവമാണ് ഇതെന്നതും വിലയിരുത്തപ്പെട്ടതായി അഡ്വ. ടി.ആര്‍ ബാലകൃഷ്ണന്‍ അറിയിച്ചു.
മുംബൈയില്‍ ഗോവയ്ക്കെരിരെ നടന്ന രഞ്ജിട്രോഫി മത്സരത്തില്‍ അച്ചടക്ക രഹിതമായി പെരുമാറിയെന്ന് ആയിരുന്നു സഞ്ജുവിന് എതിരായ പരാതി. ഗോവയ്ക്കെതിരെ രണ്ടാം ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ താരം ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിയൊടിച്ചുവെന്നും തുടര്‍ന്ന് ആരെയും അറിയിക്കാതെ പുറത്തുപോയെന്നും ആയിരുന്നു പ്രധാന ആരോപണം. സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളോട് ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നാലംഗ സമിതിയെ കെസിഎ അന്വേഷണത്തിന് നിയോഗിച്ചു. മുന്‍ കേരളാ രഞ്ജി ക്യാപ്റ്റന്‍ എസ്.രമേശ്, ബി.സി.സിഐ മാച്ച് റഫറി പി രംഗനാഥന്‍, കെ.സി.എ വൈസ് പ്രസിഡന്റ് അഡ്വ. ടി.ആര്‍ ബാലകൃഷ്ണന്‍, അഡ്വ.ശ്രീജിത്ത് വി.നായര്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.