ഇസ്ലാമാബാദ്: ചിത്രാലില്‍നിന്ന് പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് 47 യാത്രക്കാരുമായി പോയ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. അബട്ടാബാദിനു സമീപത്തുവച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായ വിമാനം പിന്നീട് തകര്‍ന്നു വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരെല്ലാം മരിച്ചതായാണ് സൂചന.
വൈകിട്ട് 5.30ന് ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്നതാണ് ഈ വിമാനം. എന്നാല്‍, യാത്രാമധ്യേ അബട്ടാബാദിന് മുകളില്‍വച്ച് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. മലനിരകള്‍ക്കിടയിലാണ് വിമാനം തകര്‍ന്നു വീണതെന്നും സ്ഥലത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ചില സാങ്കേതിക പ്രശ്നങ്ങളുള്ളതായി വിമാനം പറത്തിയിരുന്ന ക്യാപ്റ്റന്‍ ഖാലിദ് ജാന്‍ജുവ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.