ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ തീരുമാനം പറഞ്ഞ കാലയളവിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സാമ്പത്തിക വിദഗ്ദ്ധരുമായി ഇന്ന് ചര്‍ച്ച നടത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള 15 സാമ്പത്തിക വിദഗ്ദ്ധരെയാണ് ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുള്ളത്. നോട്ട് അസാധുവാക്കലിന് പിന്നാലെ സാധാരണനില കൈവരിക്കാന്‍ പ്രധാനമന്ത്രി മുന്‍കൂറായി പറഞ്ഞ 50 ദിവസത്തെ കാലാവധി ഇന്ന് പൂര്‍ത്തിയാകവേയാണ് ചര്‍ച്ച. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളും പുതിയ ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായേക്കും.
നീതി ആയോഗ് സിഇഒ അമിതാഭ്കാന്ത്, അംഗങ്ങള്‍ ബിബേക് ദെബ്രോയ്, വി കെ സാരസ്വത്, രമേശ് ചന്ദ് എന്നിവരും കേന്ദ്ര ധനമന്ത്രാലയ വാണിജ്യമന്ത്രാലയ സെക്രട്ടറിമാരും കാനഡ ഒട്ടാവ കാള്‍സണ്‍ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ വിവേക് ദഹേജിയ, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് പബ്‌ളിക് ഫിനാന്‍സ് ആന്റ് പോളിസി ഡയറക്ടര്‍ രതിന്റോയ്, ക്രെഡിറ്റ് സ്യുയിസ് മാനേജിംഗ് ഡയറക്ടര്‍ നീലകണ്ഠ മിശ്രൗ ഓക്‌സസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ചെയര്‍മാന്‍ സുര്‍ജിത് ഭല്ല എന്നിവരും പങ്കെടുക്കും.
നവംബര്‍ എട്ടിന് രാത്രി എട്ടു മണിയ്ക്കാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. അതിന് ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ കാര്യമായ പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യമെങ്ങും നോട്ടിന്റെ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെയും തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും കടുത്ത ദുരിതം നേരിടുകയാണ്.
മതിയായ നോട്ട് വിപണിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സാധാരണക്കാര്‍ നെട്ടോട്ടമോടുകയാണ്. അതിനിടയിലാണ് സര്‍ക്കാര്‍ സാഹചര്യം വിലയിരുത്താന്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോട് പവര്‍ പോയിന്റ് പ്രസന്റേഷന്‍ വഴി കാര്യം അവതരിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.