സ്ത്രീയ്ക്ക് എത്രദൂരം തനിച്ച് സഞ്ചരിക്കാം എന്നതിന് ഉത്തരമാണ് ജയലളിത: മഞ്ജുവാര്യര്‍

ഒരു സ്ത്രീയ്ക്ക് എത്രദൂരം തനിച്ച് സഞ്ചരിക്കാമെന്നതിന് ഉത്തരമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതമെന്ന് നടി മഞ്ജുവാര്യര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ജയലളിതയ്ക്ക് അനുശോചനം അറിയിച്ചത്. അവസാന നിമിഷം വരെയും ജയലളിത ആയിരിക്കുക എന്നതിലൂടെ അവര്‍ മൃത്യുവിനെയും ജയിച്ചുവെന്നും മഞ്ജു തന്റെ പേജില്‍ കുറിച്ചു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:-

മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്ന് മടങ്ങുന്നത്. എന്തുമാത്രം പ്രയത്‌നം വേണ്ടിവന്നു ഒന്നു കീഴടക്കാന്‍. അവസാനനിമിഷംവരെയും ജയലളിതയായിരിക്കുക എന്നതിലൂടെ അവര്‍ മൃത്യുവിനെയും ജയിക്കുകയാണ്. പക്ഷേ ലളിതമായിരുന്നില്ല, ജയലളിതയുടെ ജയങ്ങള്‍.

സാധാരണ കുടുംബത്തില്‍ ജനിച്ച് ആദ്യം നര്‍ത്തകിയായി, പിന്നെ സിനിമയിലൂടെ രാഷ്ര്ടീയത്തിലെത്തി ഒരു ജനതയെക്കൊണ്ടു മുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്. മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവില്‍ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളര്‍ച്ചയായിരുന്നു അത്.

എതിരാളികള്‍ക്ക് പലതും പറയാനുണ്ടെങ്കിലും തമിഴ്മക്കളുടെ തായ്മരമായി പതിറ്റാണ്ടുകളോളം പന്തലിച്ചുനില്‍ക്കുക എന്നത് നിസാരകാര്യമല്ല. ഒറ്റയ്ക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കുകൊണ്ടുവന്ന നദിയെന്നുവിളിക്കാം. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിത. സമാനതകളില്ലാതെ യാത്രയാകുന്ന നായികയ്ക്ക് പുരൈട്ചി വണക്കം….