പയ്യോളി: നിരവധി കേസുകളില്‍പ്പെട്ട് മുങ്ങിയ പ്രതി ആള്‍ദൈവത്തിന്റെ രൂപത്തില്‍ പിടിയില്‍. പോലീസിനെ വെട്ടിച്ച് കര്‍ണാടകയില്‍ ആള്‍ദൈവമായി കഴിഞ്ഞുവന്ന ഇരിങ്ങത്ത് പാക്കനാര്‍പുരത്തെ രാജേഷ് മരുതേരി എന്ന ശ്രീ ശ്രീ പ്രണവാനന്ദ സ്വാമിയാണ് പയ്യോളിയില്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.
തുറയൂര്‍ ഇടിഞ്ഞകടവിലെ സി.പി.എം പ്രവര്ത്തകന് നെല്യാടുമ്പല് ശ്രീധരന്റെ ഫര്‍ണിച്ചര്‍ കട കത്തിച്ച കേസ, വെളുത്തടത്ത് ചെക്കോട്ടിയുടെ വീട് ആക്രമിക്കുകയും കാര്‍ കത്തിക്കുകയും ചെയ്ത കേസ് തുടങ്ങി നിരവധി സംഭവങ്ങളില്‍ ഉള്‍പ്പെട്ട ഇയാളെ പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. പേരാമ്പ്ര, കൊയിലാണ്ടി സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. പോലീസിന്റെ പിടിയിലാകുമെന്ന് സൂചന കിട്ടിയതോടെ പ്രതി കര്‍ണാടകയിലേക്ക് കടന്നു. തുടര്‍ന്ന് പേരുമാറ്റി ആള് ദൈവമായി കഴിഞ്ഞുവരുകായിരുന്നു.