നന്മയുടേയും സന്തോഷത്തിന്റേയും പ്രത്യാശയുടേയും സന്ദേശവുമായി ഒരു ക്രിസ്തുമസ് രാവുകൂടി ആഗതമായിരിക്കുന്നു. ദൈവപുത്രന്റെ തിരുപ്പിറവി ദിവസം മൂന്നു രാജാക്കന്മാര്‍ക്ക് വഴികാട്ടിയായ ദിവ്യതാരകത്തിന്റെ പ്രതീകമെന്നോണം നഗര-ഗ്രാമ വീഥികളില്‍ നക്ഷത്രവിളക്കുകള്‍ പ്രകാശം ചൊരിയുകയാണ്.
വീഥികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കൊട്ടാരങ്ങളും കുടിലുകളും ബത്‌ലഹേം പുന:സൃഷ്ടിച്ചു കഴിഞ്ഞു. നക്ഷത്രങ്ങള്‍ക്കും പുല്‍ക്കൂടുകള്‍ക്കും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മത്സരബുദ്ധിയാണ് നമ്മളില്‍ പലരുടേയും ആഘോഷരാവുകളെ സമ്പന്നപൂര്‍ണ്ണമാക്കുന്നത് എന്ന വസ്തുത മറച്ചുവെയ്ക്കാനുമാവില്ല. അസോസ്സിയേഷനുകളിലും ഇടവകകളിലും ഒന്നാമതെത്താനായി മല്‍സരിക്കുന്ന നമുക്കിടയില്‍ ആഢംബരത്തിന്റെ ആഘോഷമായി ക്രിസിതുമസ് മാറുന്നതും ഇതിനാലാണ്.
ഇവയ്‌ക്കെല്ലാം പുറമെ ആഘോഷത്തിന്റെ കുപ്പിപ്പൊട്ടിക്കാന്‍ കോടികള്‍ ചിലവാക്കിയ ചരിത്രം പറഞ്ഞ് ഊറ്റം കൊള്ളുകയാണ് മലയാളികള്‍. ഇത്തരത്തില്‍ മദ്യലഹരിയില്‍ തിരുപ്പിറവി ആഘോഷിക്കുന്ന ദൈവഭക്തരില്‍ നിന്നും വിശന്നിരിക്കുന്നവന് ഭക്ഷണം കൊടുത്ത യേശുനാഥനിലേക്കുള്ള ദൂരം ഓരോ നിമിഷവും വര്‍ദ്ധിക്കുകയണത്രെ!!
സാധാരണക്കാരനില്‍ സാധാരണക്കാരനും മരപ്പണിക്കാരനുമായ ഔസേപ്പിന്റേയും മറിയത്തിന്റേയും പുത്രനായി കാലിത്തൊഴുത്തില്‍ പിറവിയെടുത്ത ഉണ്ണീശോയുടെ ജീവിതം ലാളിത്യത്തിന്റെ മാതൃകയായിരുന്നു. ജനങ്ങളുടെ രക്ഷകന്‍ തങ്ങളുടെ ഉദരത്തില്‍ പിറവിയെടുക്കാനായി രാജകന്യകകളെല്ലാം കാത്തിരുന്നപ്പോഴാണ് സാധാരണക്കാരിയായ മറിയത്തെ ദൈവം തെരഞ്ഞെടുത്തത്. എളിയവനില്‍ എളിയവനായി ഭൂമിയില്‍ പിറവിയെടുത്ത്, മനുഷ്യനന്മയ്ക്കായി ജീവിച്ച്, കഷ്ടതകളും ക്രൂരതകളും അനുഭവിച്ചാണ് ഒടുവില്‍ ആ ദൈവപുത്രന്‍ കുരിശിലേറ്റപ്പെട്ടത്. തന്റെ ജീവിതം തന്നെയാണ് വിശ്വാസികള്‍ക്കുള്ള സന്ദേശമായി ദൈവപുത്രന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ചെറിയവനില്‍ ചെറിയവനാകാന്‍ എളിമപ്പെട്ട യേശുനാഥനെപ്പോലെ, സഹോദരങ്ങള്‍ക്കു മുന്നില്‍ സന്തോഷത്തോടെ ചെറിയവനാകാന്‍ നമുക്ക് സാധിക്കാറുണ്ടോ?! ദൈവത്തിലേക്കുള്ള വഴികാട്ടിയായ ദിവ്യതാരകത്തെപ്പോലെ മറ്റുള്ളവര്‍ക്ക് മുന്നില്‍ നന്മയുടെ വഴികാട്ടിയാകുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?! ഈ ക്രിസ്തുമസ് രാവില്‍ ആത്മപരിശോധനകള്‍ നടത്തുന്നതിനൊപ്പം ഒന്നോര്‍ക്കുക, പുല്‍ക്കൂടുകള്‍ ഭവനങ്ങള്‍ക്കു മുന്നിലെ ആഢംബരക്കൂടുകളായല്ല, ഹൃദയത്തിനുള്ളില്‍ ലാളിത്യത്തിന്റെ മാതൃകയായി വേണം പണിതുയര്‍ത്താന്‍…ഏവര്‍ക്കും ക്രിസ്തുമസ്- പുതുവത്സരാശംസകള്‍..
–ആതിര സതീഷ്