കൊല്ലത്തും സൗജന്യ വൈഫൈ; വൈഫൈ സ്‌റ്റേഷനുകള്‍ 100 ആക്കി വാഗ്ദാനം പാലിച്ച് റെയില്‍വേ

ന്യൂഡല്‍ഹി: കൊല്ലത്തും സൗജന്യ വൈഫൈ. 2016 അവസാനത്തോടെ രാജ്യത്തെ 100 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ എത്തിക്കുമെന്ന വാഗ്ദാനം പാലിച്ച് ഇന്ത്യന്‍ റെയില്‍വേ. അടുത്ത വര്‍ഷം 400 പ്രമുഖ സ്‌റ്റേഷനുകളില്‍ വൈ ഫൈ സൗകര്യം കൊണ്ടുവരുമെന്ന് റെയില്‍വേ അറിയിച്ചു.

ഗൂഗിളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ തുടക്കമിട്ട പദ്ധതി കൊല്ലം സ്‌റ്റേഷനില്‍ പൂര്‍ത്തിയാക്കിയതായി റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഭുവനേശ്വര്‍, ബംഗലൂരു, ഹൗറ, കാണ്‍പൂര്‍, മഥുര, അലിഗഡ്, ബറേലി, വാരണാസി തുടങ്ങിയ തിരക്കേറിയ സ്‌റ്റേഷനുകളിലെല്ലാം സൗജന്യ വൈ ഫൈ ലഭ്യമാണ്.

അടുത്ത വര്‍ഷം 400 സ്‌റ്റേഷനിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഈ സ്‌റ്റേഷനുകളിലുടെ ഓരോ ദിവസവും കടന്നുപോകുന്ന ഒരു കോടിയോളം വരുന്ന യാത്രക്കാര്‍ക്ക് മികച്ച സ്പീഡുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാന്‍ കഴിയുമെന്ന് റെയില്‍വേ വ്യക്തമാക്കി.

കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ സ്‌റ്റേഷനുകളില്‍ നിലവില്‍ സൗജന്യ വൈ ഫൈ സൗകര്യമുണ്ട്.