തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊന്നത് സിപിഎമ്മുകാര്‍; കൊലയാളികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം പാറശാലയില്‍ ബിജെപി പ്രവര്‍ത്തകനായ അനില്‍ കുമാര്‍ (42) കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൊലയാളികളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. സിപിഎമ്മുകാരനായ കോടങ്കര സ്വദേശിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് കണ്ടെത്തല്‍

ഞായറാഴ്ച രാത്രി 10.30 തോടെ മര്യാപുരം കുരിശടിയ്ക്കു സമീപത്തായിരുന്നു ആക്രമണം. കൊല്ലപ്പെട്ട അനില്‍കുമാറും പ്രതിയും സിപിഎം പ്രവര്‍ത്തകരായിരുന്നുവെന്നും ഒരേ പാര്‍ട്ടിയിലെ അംഗങ്ങളായിരുന്നപ്പോഴേ ഇവര്‍ തമ്മില്‍ അടിപിടികള്‍ നടന്നിരുന്നുവെന്നും പോലീസ് പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഇടപെട്ട് തീര്‍ക്കാതിരുന്നതില്‍ പ്രതിഷേധിച്ച് അനില്‍കുമാര്‍ സിപിഎം വിട്ടു. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ബിജെപിയില്‍ ചേരുകയും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാകുകയുമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനില്‍കുമാര്‍ ഭാര്യയെ ആറയൂര്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പാര്‍ട്ടി വിട്ടുവെങ്കിലും ഇരുവരും തമ്മിലുള്ള വാക്കേറ്റങ്ങള്‍ക്കും അടിപിടിയ്ക്കും കുറവുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ഞായറാഴ്ച രാത്രി ജോലിയ്ക്ക് എന്നു പറഞ്ഞ് അനിലിനെ പ്രതി മര്യാപുരത്ത് വിളിച്ചു വരുത്തുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന അനിലിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

അനിലിന്റെ കൊല്ലപാതകത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.