ഹവാന : ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂയുടെ ഭരണ തലവനുമായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു.
1926 ഓഗസ്റ്റ് 13-നായിരുന്നു ജനനം. 1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ അധികാരത്തിലെത്തി.
1965-ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ക്യൂബയില്‍ കാസ്‌ട്രോയുടെ ഇച്ഛാശക്തിയില്‍ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ കാസ്‌ട്രോ ശ്രമിച്ചു.
രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹവാന സര്‍വ്വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ് കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ശക്തമായത്.
മൊന്‍കാട ബാരക്‌സ് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്‌ട്രോ ജയിലില്‍ അടക്കപ്പെട്ടു. ജയില്‍ വിമോചിതനായശേഷം, അദ്ദേഹത്തിന് തന്റെ സഹോദരനായ റൗള്‍ കാസ്‌ട്രോയുമൊത്ത് മെക്‌സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫിദല്‍, റൗള്‍ കാസ്‌ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു. ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിലൂടെ കാസ്‌ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുക്കുകയുമായിരുന്നു.