ന്യൂയോര്‍ക്ക്: ഐവറികോസ്റ്റ് ഫുട്‌ബോള്‍ ഇതിഹാസം ദിദിയര്‍ ദ്രോഗ്ബ അമേരിക്കന്‍ സോക്കര്‍ലീഗ് വിടുന്നതായി വിവരം. മോണ്‍ട്രിയോള്‍ ഇംപാക്ടിന്‌റെ താരമാണ് ദ്രോഗ്ബ. ലീഗില്‍ ദ്രോഗ്ബയുടെ അവസാന സീസണാണ് ഇത്. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും ലീഗിലെ ബാക്കി മത്സരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദ്രോഗ്ബ വ്യക്തമാക്കി.
ചെല്‍സിയുടെ താരമായിരുന്ന ദ്രോഗ്ബ 2015ലാണ് അമേരിക്കന്‍ ലീഗില്‍ എത്തിയത്. അവിടെ ഇതുവരെ 33 മത്സരത്തില്‍ നിന്ന് 27 ഗോളുകള്‍ താരം അടിച്ചുകൂട്ടി.
എന്നാല്‍ ദ്രോഗ്ബ അമേരിക്കന്‍ ക്ലബ്ബ് വിടുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ നോക്കി കാണുന്നത്. ദ്രോഗ്ബയെ ഇന്ത്യയില്‍ എത്തിക്കണമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയകളില്‍ വ്യാപകമാണ്. കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിക്കണമെന്ന് സംസാരവും നടക്കുന്നുണ്ട്.