യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കായംകുളം എറണാകുളം തീരദേശപാതയില്‍ ട്രെയിന്‍ യാത്രക്കാര്‍ കരിദിനമാചരിച്ചു. പാസഞ്ചര്‍ ട്രയിനിലെ ബോഗികള്‍ വെട്ടിക്കുറച്ചതിനെതിരെയാണ് യാത്രക്കാര്‍ കരിദിനമാചരിച്ചത്.
കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ ബാനറുമേന്തിയാണ് ആലപ്പുഴ എറണാകുളം പാസഞ്ചറിലെ യാത്രക്കാര്‍ ബുധനാഴ്ച ട്രയിനിറങ്ങിയത്. ട്രയിന്‍ യാത്ര തുടങ്ങിയ ആലപ്പുഴ മുതല്‍ യാത്രയവസാനിപ്പിച്ച എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്‍ വരെ എല്ലാ സ്റ്റേഷനിലും പ്ലാറ്റ്‌ഫോമിലിറങ്ങി പതിവ് യാത്രക്കാര്‍ പ്രതിഷേധമറിയിച്ചു. ഏതാണ്ട് മൂവായിരത്തോളം സ്ഥിരം യാത്രക്കാരുണ്ട് രാവിലെയും വൈകിട്ടും കായംകുളം എറണാകുളം പാതയില്‍. 16 ബോഗികളുളള പാസഞ്ചര്‍ ട്രയിനായിരുന്നു ഈ പാതയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഒക്ടോബര്‍ 22 മുതല്‍ പാസഞ്ചര്‍ ട്രയിനിനു പകരം പതിനൊന്ന് റേക്കുകള്‍ മാത്രമുളള മെമു ഏര്‍പ്പെടുത്തി. ഇതോടെ തിങ്ങിനിറഞ്ഞ ബോഗിയില്‍ യാത്ര ചെയ്യേണ്ട ദുരവസ്ഥയിലാണ് യാത്രക്കാര്‍. ഇതോടെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായെത്തിയത്. ട്രെയിന്‍ കടന്നുവന്ന എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ രേഖാമൂലം പരാതി നല്‍കും.