കല്‍പ്പറ്റ: ഹൃദയസംബന്ധമായ രോഗത്തിനു ചികിത്സക്കുപകരം പ്രാര്‍ഥന കൊണ്ടു രോഗം മാറ്റാമെന്ന മാതാപിതാക്കളുടെ വിശ്വാസം രണ്ടരവയസുകാരിയുടെ ജീവനെടുത്തു. പുല്‍പ്പള്ളിയില്‍ താമസിക്കുന്ന പ്രാട്ടസ്റ്റന്റ് വിഭാഗക്കാരായ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്.
കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ നാട്ടുകാരും ആരോഗ്യ വകുപ്പ് അധികൃതരും ആശുപത്രിയിലെത്തിച്ച് ചികിത്സിക്കാന്‍ പിതാവിനെ നിര്‍ബന്ധിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖവും തൂക്കക്കുറവുമാണ് കുട്ടിക്കുണ്ടായിരുന്നത്. രണ്ടരവയസള്ള കുട്ടിക്ക് രണ്ട് കിലോഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളു. ഇടക്ക് ആശുപത്രിയില്‍ കാണിക്കുന്നതല്ലാതെ തുടര്‍ചികിത്സ നല്കാന് പിതാവ് തയാറായില്ല. ആശുപത്രിയില്‍ കൊണ്ടുപോകാതെ തന്നെ പ്രാര്‍ത്ഥന കൊണ്ട് അസുഖം മാറുമെന്നാണ് പിതാവ് പറഞ്ഞതെന്ന് ചൈല്ഡ്ലൈന് അധികൃതര്‍ പറഞ്ഞു.
ഇതിനിടെ, മാര്‍ച്ച് ഏഴിന് ആരോഗ്യവകുപ്പ് അധികൃതരും ചൈല്‍ഡ്ലൈനും ചേര്‍ന്ന് കുട്ടിയെ നിര്‍ബന്ധപൂര്‍വം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. ശസ്ത്രക്രിയയിലൂടെ അസുഖം ഭേദമാക്കാമെന്നാണു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. ശസ്ത്രക്രിയ നടത്തണമെങ്കില്‍ കുട്ടിയുടെ തൂക്കം കൂടി ആരോഗ്യ നില മെച്ചപ്പെടണം. ഇതിനായി ജില്ലാ ആശുപത്രിയില്‍ പോഷകാഹാരവും മരുന്നും നല്കി വരുകയായിരുന്നു. ബുധനാഴ്ച കുട്ടിയുടെ ആരോഗ്യ നില ഒന്നുകൂടി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മാതാപിതാക്കള്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല.
ഇന്നലെ ഉച്ചയോടെ കുട്ടി ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചു. ചികിത്സക്കു പകരം പ്രാര്‍ത്ഥന തുടര്‍ന്നിരുന്നുവെങ്കില്‍ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ഇപ്പോഴത്തെ നിലപാട്. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. മാതാപിതാക്കള്‍ക്കെതിരേ ഇന്ന് പോലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്ഡ്ലൈന് അധികൃതര്‍ പറഞ്ഞു.