ആലപ്പുഴ: പിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ക്ലാസെടുത്ത് താരമായി രണ്ടാം ക്ലാസുകാരി ശ്രീവൈഗ അജയ്. ഞെട്ടേണ്ട സംഭവം സത്യമാണ്.
ബിരുദധാരികള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ക്ലാസ്മുറിയില്‍ ആശങ്ക ഒന്നും തന്നെ ഇല്ല വൈഗ മോള്‍ക്ക്. ഒരു മണിക്കൂറിലധികമാണ് ഈ മോളുടെ ക്ലാസ്. 7000 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഈ തലച്ചോറില്‍ ഭദ്രമാണ്. ജില്ലയുടെ വിവിധ കോച്ചിങ് സെന്ററുകളില്‍ ക്ലാസെടുക്കാന്‍ കൂട്ടുപോകുന്നത് അമ്മയും കൈക്കുഞ്ഞായ സഹോദരന്‍ ശങ്കരനാരായണനുമാണ്. പുറക്കാട് പുന്തല പുതുവനച്ചിറയില്‍ എസ് അജയകുമാറിന്റെയും ഇന്ദുലേഖയുടെയും മകളാണ് ശ്രീവൈഗ.
ജനറല്‍ നഴ്സായിരുന്ന ഇന്ദുലേഖ പിഎസ്സി പരീക്ഷയ്ക്കു പഠിക്കുന്നത് കേട്ടാണ് ശ്രീവൈഗ അറിവുകള്‍ മനസ്സിലാക്കി തുടങ്ങിയത്. മകള്‍ ഉത്തരങ്ങള്‍ കൃത്യമായി പറയുന്നതു കേട്ട് ഇന്ദുലേഖ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു കൊടുത്തു. ഒപ്പം പൊതുവിജ്ഞാന പുസ്തകങ്ങളും ശ്രീവൈഗ വായിച്ചു പഠിച്ചു.
പുന്നപ്ര കാര്‍മല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്ന ശ്രീവൈഗയ്ക്ക് 100 കോച്ചിങ് സെന്ററുകളില്‍ ക്ലാസെടുക്കാന്‍ പദ്ധതിയുണ്ട്. ഐഎഎസാണ് സ്വപ്നം. കടു കട്ടിയായ ചോദ്യോത്തരങ്ങള്‍ക്കൊപ്പം നൃത്തവും ചിത്രകലയും ശ്രീവൈഗയ്ക്കു വഴങ്ങും.