റിയാദ് : സൗദി തൊഴില്‍ മേഖലയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം പുന:പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി. പുന:പരിശോധനയിലൂടെ ചില മേഖലകളിലെ സ്വദേശിവത്കരണ തോത് കുറയ്ക്കും. എന്നാല്‍, എല്ലാ മേഖലയിലും സ്വദേശിവത്കരണത്തില്‍ കുറവ് വരുത്താന്‍ കഴിയില്ലെന്നും വ്യാപാരികളോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.
സ്വദേശിവത്കരണ നടപടികള്‍ ശക്തമായി നടപ്പാക്കിയതോടെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. എന്നാല്‍, വിദേശികളുടെ കഴിവിന് അനുസരിച്ചുള്ള സ്വദേശികളെ കിട്ടാത്തത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായിത്തന്നെ ബാധിച്ചുവെന്നും ഇതേതുടര്‍ന്ന് പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം സൗദിയിലിലെ 12 തൊഴില്‍ മേഖലകളിലാണ് 70 ശതമാനം സ്വദേശിവത്കരണം കൊണ്ടുവന്നത്. ഇത്തരത്തില്‍ 70 ശതമാനം സ്വദേശിവത്കരണം എന്ന തോതില്‍ കുറവ് വരുത്തണമെന്ന ആവശ്യം വ്യാപാരികള്‍ ഉന്നയിച്ചിരുന്നു.
സ്വദേശി-വിദേശി അനുപാതം 50 ശതമാനമായി കുറയ്ക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം. മൊബൈല്‍ഫോണ്‍ കടകള്‍, റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം സ്വദേശിവത്കരണമാണ് നിലവില്‍ നടപ്പാക്കിയിരിക്കുന്നത്.