പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ ഡോക്ടറില്ലെന്ന പരാതി ഉടൻ തന്നെ പരിഹരിക്കുമെന്ന് ഡിഎംഒ

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ ഡോക്ടറില്ലെന്ന പരാതി ഉടൻ തന്നെ പരിഹരിക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി. എല്ലാ ദിവസവും ഹൃദ്രോഗവിഭാഗത്തിൽ ഒപി ഉറപ്പാക്കുമെന്നും നിലവിലെ ഒഴിവുകൾ നികത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഡിഎംഒ ഡോ.കെ.ആർ വിദ്യ ചൂണ്ടിക്കാട്ടി. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഹൃദ്രോഗ ചികിത്സയ്ക്ക് എത്തുന്നവർ പ്രതിസന്ധിയിലായിരുന്നു. തലേദിവസം ടോക്കൺ എടുത്താൽ മാത്രമാണ് ഇവിടെ ചികിത്സ ലഭ്യമാകുന്നത്. സാധാരണക്കാർക്ക് ചികിത്സ തേടാൻ പാലക്കാട് ഏക ആശ്രയം ജില്ലാ ആശുപത്രിയാണ്. ഹൃദ്രോഗ വിഭാഗത്തിൽ 2 കാർഡിയോളജിസ്റ്റൻ്റെയും 2 അസിസ്റ്റൻറ് സർജൻമാരുടെയും സേവനം ആവശ്യമാണ്. കാർഡിയോളജി ചീഫ് കൺസൾട്ടന്റ് തസ്തിക ഏറെ നാളായി ഒഴിഞ്ഞു കിടക്കുകയാണ്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലാണ് കാർഡിയോളജി ഒ പി ഉള്ളത്. ഇതിന് തലേദിവസം വന്ന് ടോക്കൺ എടുക്കണം. ഒരു ദിവസം 80 ടോക്കണുകൾ മാത്രമാണ് ആശുപത്രിയിൽ നൽക്കുന്നത്. ഇതിൽ ചെറിയ ശതമാനം മാത്രമാണ് ഓൺലൈനിൽ ലഭിക്കുക. പുലർച്ച വരെ കാത്തു നിന്നിട്ടും ടോക്കൺ കിട്ടാതെ രോഗികൾക്ക് മടങ്ങി പോകേണ്ട അവസ്ഥയും വന്നിട്ടുണ്ട്.