ഒരോ വര്‍ഷവും അധിക അളവിലുള്ള ഉപ്പ് ഉപയോഗം മൂലം ഏകദേശം 1.89 ദശലക്ഷമാളുകളാണ് മരണപ്പെടുന്നത് എന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്

ഒരോ വര്‍ഷവും അധിക അളവിലുള്ള ഉപ്പ് ഉപയോഗം മൂലം ഏകദേശം 1.89 ദശലക്ഷമാളുകളാണ് മരണപ്പെടുന്നത് എന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നത് ഉ‍യർന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് നയിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. പേശികളുടെയും നാഡികളുടെയും സ്വാഭാവിക പ്രവര്‍ത്തനത്തിന് ശരീരത്തില്‍ സോഡിയം ആവശ്യമാണ്. ടേബിള്‍ സാള്‍ട്ട് എന്ന ഉപ്പിലാണ് ഇത് പൊതുവെ കണ്ടുവരുന്നത്. പാല്‍, മാംസാഹാരം മുതലായവയിലും ധാരാളം സോഡിയം കണ്ടുവരുന്നു. ശരീരത്തിന് അത്യന്താപേക്ഷിതമാണ് സോഡിയം എങ്കിലും ഇതിന്റെ അളവ് കൂടുന്നത് ഹൃദ്രോഗം, പക്ഷാഘാതം, അകാല മരണം എന്നിവയിലേക്ക് നയിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ റിപ്പോര്‍ട്ടിലും അധികമായി സോഡിയം ശരീരത്തില്‍ എത്തുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നും ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നിലവില്‍ ഹൃദ്രോഗങ്ങളുള്ളവരുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കും.