വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതന്നെ എന്നാൽ അമിതമായി വെള്ളം കുടിച്ച് മരണത്തിന്റെ വക്കിൽ വരെ എത്തിയ 40 കാരിയുടെ വർത്തയാണിപ്പോൾ പുറത്തുവരുന്നത്. മൂഹമാധ്യമങ്ങളിൽ സജീവമായ ഡോ. സുധീർ കുമാറാണ് ‘എക്സി’ൽ ഇതേ കുറിച്ച് വിവരിച്ചത്. ശരീരാരോഗ്യവും പ്രസന്നതയും നിലനിർത്താൻ മുംബൈയിലെ നാൽപതുകാരി ഒരു ദിവസം രാവിലെ നാലു ലിറ്റർ വെള്ളം കുടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായെന്നാണ് അദ്ദേഹം പറയുന്നത്. രാവിലെ ഉറക്കമെണീറ്റുടൻ വെള്ളം കുടിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുമെന്നും, ചർമ്മം തിളങ്ങുമെന്നുമുള്ള ഉപദേശം അനുസരിച്ചാണ് ഇവർ ഇങ്ങനെ ചെയ്തത്. ഇതെത്തുടർന്ന് എഴുന്നേറ്റയുടൻ നാലു ലിറ്ററാണ് ഇവർ കുടിച്ചത്. ഇതോടെ ഒരു മണിക്കൂറിനകം കടുത്ത തലവേദന വന്നു. പിന്നാലെ കടുത്ത ക്ഷീണവും. ഛർദിയും അനുഭവപെട്ടു. പിന്നാലെ ഇവർ ബോധരഹിതയായി വീഴുകയായിരുന്നെന്നും ഡോക്ടർ പറയുന്നു. രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇവരുടെ സോഡിയം അളവ് 110 ആയി കുറഞ്ഞു. സോഡിയം അസന്തുലിതത്വം അഥവാ ഹൈപ്പർനട്രീമിയ കാരണം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആരോഗ്യനില മൂന്നുദിവസം കൊണ്ടാണ് വീണ്ടെടുത്തത് എന്നും ഡോക്ടർ പറയുന്നു. ഓരോരുത്തരുടെയും ശരീര, ജീവിത രീതിയനുസരിച്ച് വെള്ളം കുടിക്കണമെന്നും ഡോക്ടർ നിർദേശിക്കുന്നു.