ദിവസേന നടക്കുന്നത് വിഷാദരോഗം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്

ദിവസേന നടക്കുന്നത് വിഷാദരോഗം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്. ജെ.എ.എം.എ നെറ്റ്വര്‍ക്ക് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യവും വ്യായാമവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പഠനത്തെ മുൻ നിർത്തി ചൂണ്ടിക്കാട്ടുന്നു. സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് കാസ്റ്റില്ലെ-ലാ മാഞ്ചാ എന്ന സ്ഥാപനത്തിലെ എസ്റ്റേല ജിമിനസ് ലോപസ് എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 96,000 പേരില്‍ നടത്തിയ 33 പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേകരിച്ചാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ നടത്തത്തിന്റെ ശീലങ്ങള്‍, ദിനംപ്രതിയുള്ള ചുവടുകള്‍ എന്നിവ പരിശോധിക്കുകയും അത് മാനസികാരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരീക്ഷിച്ചു. ദിവസേന കൂടുതല്‍ ചുവടുകള്‍ നടക്കുന്നത് വിഷാദരോ​ഗം വരാനുള്ള സാധ്യത കുറക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസേന 5000 ചുവടുകള്‍ നടക്കുന്നവരെ അപേക്ഷിച്ച് വിഷാദരോ​ഗം വരാനുള്ള സാധ്യത, അധികമായി 1000 ചുവടുകള്‍ നടക്കുന്നവരില്‍ 9% കുറവാണെന്നും ദിവസേന 7000 ചുവടുകൾ വെക്കുന്നവരില്‍ ഇത് 31% കുറവാണെന്നും പഠനത്തില്‍ പറയുന്നു. 7500 ചുവടുകള്‍ വെക്കുന്നവരിലാകട്ടെ വിഷാദരോ​ഗത്തിനുള്ള സാധ്യത 43% കുറവാണെന്നും കണ്ടെത്തലുണ്ട്. കൂടുതല്‍ നടക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെങ്കിലും ഇതിനും ഒരു പരിധിയുണ്ട്. ദിവസേന 10,000 ചുവടുകളാണ് ഇതിന്റെ പരിധിയായി ഗവേഷകര്‍ കണക്കാക്കുന്നത്. നടത്തത്തിന് പുറമേ എയറോബിക്‌സ്, വെയ്റ്റ് ട്രെയിനിങ്, യോഗ എന്നിവയും വിഷാദരോ​ഗം വരാനുള്ള സാധ്യത കുറക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.