നിസ്സാര കാരണങ്ങള്‍ക്കു പോലും കണക്കില്ലാതെ പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു പഠനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാരസെറ്റാമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഉദരം, ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്ക് തകരാറുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. 65 വയസ്സിനുമുകളിലുള്ളവര്‍ക്കാണ് പ്രശ്‌നം കണ്ടെത്തിയത്. ആറുമാസത്തിനിടെ അറുപതോളം ഗുളികകള്‍ കഴിച്ച 1,84,483 പേരുടെ ശാരീരികനിലയാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗപ്പെടുത്തിയത്. നോട്ടിങ്ങാം സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്. മരുന്നുപയോഗിക്കാത്ത 4,02,478 പേരുമായാണ് ഇവരെ താരതമ്യം ചെയ്തത്. പഠനത്തിന്റെ കണ്ടെത്തലുകള്‍ അമേരിക്കയിലെ ആര്‍ത്രൈറ്റിസ് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കിലോ ശരീരഭാരത്തിന് പത്തുമുതല്‍ 15 മില്ലിഗ്രാം വരെയെന്നതാണ് പാരസെറ്റാമോളിന്റെ ഡോസ്. എട്ടുമണിക്കൂര്‍ ഇടവേളയാണിതിന് പറയുന്നത്. ആരോഗ്യവാനായ വ്യക്തിക്ക് പരമാവധി ഒന്നരമുതല്‍ രണ്ടുഗ്രാംവരെയാണ് ഒരു ദിവസത്തെ പാരസെറ്റാമോള്‍ സുരക്ഷിത ഡോസ്. രോഗാവസ്ഥ മാറുന്നതാണ് കോഴ്സ് കാലാവധി. മൂന്നുമുതല്‍ അഞ്ചുദിവസം വരെയാണ് പതിവ്. പഠനം നടത്തിയ വിഭാഗത്തിലിത് പത്തുദിവസത്തിനുമുകളിലായിരുന്നു. മുട്ടിലെ തേയ്മാനമായിരുന്നു ഇവരുടെ രോഗം. പഠനവിധേയരായ മരുന്നുപയോക്താക്കളില്‍ കുടലിലെ രക്തസ്രാവത്തിന് 36 ശതമാനം സാധ്യത കൂടുതലാണെന്നാണ് തെളിഞ്ഞത്. പെപ്റ്റിക് അള്‍സര്‍ രക്തസ്രാവത്തിന് 24 ശതമാനം കൂടുതല്‍ സാധ്യതയുണ്ട്. വൃക്കത്തകരാറിന് 19-ഉം ഹൃദയപ്രശ്നങ്ങള്‍ക്ക് ഒന്‍പതും രക്തസമ്മര്‍ദത്തിന് ഏഴുശതമാനവും സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.