ഒരേ സൗഹൃദവലയത്തിനുള്ളിലെ വ്യക്തികളുടെ ദഹനവ്യവസ്ഥയിൽ സമാനമായ രീതിയിലും അളവിലും സൂക്ഷ്മജീവികൾ കാണപ്പെടുന്നതായി പഠനം റിപ്പോർട്ട്. നേച്ചർ ജേണലിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. മനുഷ്യരുടെ ദഹനവ്യവസ്ഥയിൽ കാണപ്പെടുന്ന ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മജീവികൾ തുടങ്ങിയവ സൃഷ്ടിക്കുന്ന സൂക്ഷ്മാണുവ്യവസ്ഥയും സാമൂഹികബന്ധങ്ങളും തമ്മിൽ വലിയ സൗഹൃദമുണ്ടെന്നാണ് പഠനം പറയുന്നത്. മധ്യ അമേരിക്കൻ രാജ്യമായ ഹോൺഡുറസിലെ 18 ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 1,787 പേരെയാണ് പഠനവിധേയമാക്കിയത്. ഒരേ സാമൂഹികശൃംഖലയിലുള്ളവരുടെ- ഒരുമിച്ചുതാമസിക്കുന്നവരോ അല്ലാത്തവരോ ആയ വ്യക്തികൾ- സൂക്ഷ്മജീവിവ്യവസ്ഥയിൽ സമാനതകൾ ഗവേഷകർ കണ്ടെത്തി. സ്വഭാവത്തിലും കാഴ്ചപ്പാടിലും ഇഷ്ടങ്ങളിലും സമാനതകൾ പുലർത്തുന്നവർ സുഹൃത്തുക്കളായി മാറുമ്പോൾ സൂക്ഷ്മജീവിവ്യവസ്ഥയിലും ഇതേ ബന്ധം കാണുന്നുവെന്ന കാര്യം തങ്ങളെ അത്ഭുതപ്പെടുത്തിയതായും ഗവേഷകർ വ്യക്തമാക്കി.