ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് ആരോഗ്യസര്‍വ്വകലാശാല അന്വേഷണ സംഘം

പത്തനംതിട്ടയിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മരിച്ച അമ്മു സജീവിന്റെ വീട്ടിലെത്തി മൊഴിയെടുത്ത് ആരോഗ്യസര്‍വ്വകലാശാല അന്വേഷണ സംഘം. സ്റ്റുഡന്റ് അഫേഴ്‌സ് ഡീന്‍ ഡോ. വി വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ചത്. പത്തനംതിട്ടയിലെ എസ്എംഇ നഴ്‌സിംഗ് കോളേജിലെ അധ്യാപകരില്‍നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നും സംഘം നേരത്തെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. തുടര്‍ന്ന് അമ്മുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം, മകള്‍ സഹപാഠികളില്‍നിന്ന് കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ ആരോഗ്യ സര്‍വ്വകലാശാലയുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉത്തരവിട്ടു.