കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കിയിരിക്കുന്നതിനു പിന്നാലെ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ജാഗ്രതാ പ്രവർത്തനങ്ങളെക്കുറിച്ച് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ വിശദീകരിച്ചു. മൊബൈൽ പരിശോധനാ യൂണിറ്റെന്ന ആശയം നേരത്തേയുണ്ടായിരുന്നത് ഇപ്പോൾ തുടങ്ങാൻപോവുകയാണ്. സി.ഡബ്ല്യു.ആർ.ഡി.എം., വാട്ടർ അതോറിറ്റി എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ലാബും പരിശോധനാസൗകര്യങ്ങളും അവർക്കുണ്ട്. അങ്കണവാടികൾ, സർക്കാർസ്ഥാപനങ്ങൾ, പൊതുകിണറുകൾ എന്നിവിടങ്ങളിലെ വെള്ളമാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. ഇതിനുള്ള ചെലവ് കോർപ്പറേഷൻ വഹിക്കും. അതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുകയാണ് എന്നും അവർ വ്യതമാക്കി. ഹോട്ടലുകൾപോലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകണമെങ്കിൽ കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതുപോലെ നഗരത്തിലെ ബോട്ടിലിങ് യൂണിറ്റുകളിലും പരിശോധന നടത്തും. ആഘോഷവേളകളിൽ വെൽകം ഡ്രിങ്ക് നൽകുന്നതിന്റെയും,മത്സ്യത്തിനുപയോഗിക്കുന്ന ഐസ്ന്റെ ഉറവിടങ്ങളും പരിശോധിക്കും. കോർപ്പറേഷന്റെ കുടിവെള്ളസ്രോതസ്സുകളും ജനകീയ കുടിവെള്ളപദ്ധതികളും ശുദ്ധീകരിക്കുന്നുണ്ടോ, നഗരവാസികൾ ഉപയോഗിക്കുന്ന കുടിവെള്ളം ശുദ്ധമാണോ എന്നും പരിശോധിക്കുമെന്നു ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വ്യക്തമാക്കി.