കാമുകി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ

കേരളത്തിൽ കോളിളക്കം സൃഷിട്ടിച്ച, കാമുകി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ ഷാരോണിനു കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്ടർമാരുടെ സംഘം കോടതിയിൽ മൊഴി നൽകിയത്. നേരത്തേ ഏത് കളനാശിനിയാണ് നൽകിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളേജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. 2022 ഒക്ടോബർ 14-ന് രാവിലെ പത്തരയ്ക്കാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺരാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്‌ ഗ്രീഷ്മ ഷാരോണിന് നൽകാനുറച്ച പാരക്വിറ്റ് വിഷം മനുഷ്യശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാൽ മരണം ഉറപ്പാണെന്ന് വെബ്‌സെർച്ചിലൂടെ ഗ്രീഷ്മ മനസിലാക്കി. ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ.അരുണ കോടതിയിൽ മൊഴി നൽകി.