സംസ്ഥാനത്തെ 59 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും സമ്പൂർണ ക്ഷയരോഗ മുക്തി നേടിയതായി സംസ്ഥാന ടി.ബി ഓഫിസർ ഡോ. രാജാറാം. പെരുമ്പാവൂരാണ് പരിപൂർണ രോഗമുക്തമായ ആദ്യ നഗരസഭ. കേരളത്തിൽ 2023ലെ കണക്കുപ്രകാരം 21,941 ക്ഷയ രോഗികളുണ്ട്. അധികവും പുരുഷന്മാരാണ്. അഞ്ചുവർഷം കൊണ്ട് 37.5 ശതമാനം രോഗവ്യാപനം കുറക്കാൻ സാധിച്ചു. 330 സ്വകാര്യ ആശുപത്രികൾ ടി.ബി പരിശോധനയും ചികിത്സയുമായി സംസ്ഥാന സർക്കാറുമായി സഹകരിക്കുന്നുണ്ട്. ഇത് രോഗികളെ കണ്ടെത്തുന്നതിനും രോഗവ്യാപനം ഒഴിവാക്കാനും മതിയായ ചികിത്സ ലഭ്യമാക്കാനും സഹായകമായിട്ടുണ്ട്. 2018 മുതൽ 2023 വരെ രോഗം റിപ്പോർട്ട് ചെയ്യുന്നതിൽ 123 ശതമാനം വർധന രേഖപ്പെടുത്തി. നിലവിൽ 82 ശതമാനത്തിനും താഴെയാണ് ശതമാനക്കണക്ക്.