സംസ്ഥാനത്തെ എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്

സംസ്ഥാനത്തെ എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 2,512 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മരണനിരക്കും കുത്തനെ കൂടിയിരിക്കുകയാണ്. ഒക്ടോബറില്‍ ആദ്യ നാലുദിവസത്തിനിടെ 45 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു.
മഴക്കാലത്ത് മാത്രമല്ല ഇപ്പോള്‍ എല്ലാ കാലാവസ്ഥയിലും എലിപ്പനി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പനി, ശരീരവേദന, കഠിനമായ തലവേദന, തളര്‍ച്ച, കണ്ണിനുചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സതേടണം. സ്വയംചികിത്സ പാടില്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസം രോഗം ഗുരുതരമാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ജലസ്രോതസ്സുകളില്‍ ഇറങ്ങുന്നവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. .മലിനജലത്തിലോ ചെളിയിലോ നടക്കേണ്ടിവരികയോ പണിയെടുക്കേണ്ടിവരികയോ ചെയ്യുന്നവര്‍ എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളിക ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം. ഡോക്‌സിസൈക്ലിന്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കുന്നതാണ്.