വളരെ വേണ്ടപ്പെട്ടവരുടെ വിയോഗങ്ങൾ ചെറുപ്പത്തിൽ തന്നെ അനുഭവിക്കേണ്ട വരുന്നത് പ്രായമാകുന്ന പ്രക്രിയയെ വേഗത്തിൽ ആക്കുമെന്ന് പഠന റിപ്പോർട്ട്. വേഗത്തിൽ പ്രായമാകുന്നതുമായി ബന്ധപ്പെട്ട ബയോളജിക്കൽ മാർക്കറുകൾ ഉറ്റവരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെടുന്നവരിൽ അധികമായി കണ്ടെത്തിയതായി കൊളംബിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. വളരെ അടുത്ത വ്യക്തികളുടെ മരണം നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ മാറ്റം വരുത്തുമെന്നും ഭാവിയിൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മോശം മാനസികാരോഗ്യം, ധാരണശേഷി പ്രശ്‌നങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാം. കോശങ്ങളിലും അവയവങ്ങളുടെ പ്രവർത്തനങ്ങളിലും ഇതുണ്ടാക്കുന്ന ആഘാതം പെട്ടെന്ന് ശരീരം പ്രായമാകാനും അകാല മരണമുണ്ടാക്കാനും സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. ഉറ്റപ്പെട്ടവരുടെ വിയോഗം സൃഷ്ടിക്കുന്ന ആഘാതത്തിൽ നിന്ന് കരകയറാൻ കൗൺസിലിങ് ഉൾപ്പെടെയുള്ള മാനസികാരോഗ്യ പിന്തുണ നൽകുന്നത് ഈ അകാല വാർദ്ധക്യത്തെ തടയാൻ സഹായിക്കുമെന്നും ജാമാ നെറ്റ് വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് നിർദ്ദേശിക്കുന്നു.