ഇന്ത്യയിലെ ഇരുപത്തിയാറ് ശതമാനം കാൻസർ രോ​ഗികളും കഴുത്തിലോ, തലയിലോ ട്യൂമറുകൾ ഉള്ളവരെന്ന് പഠനം

ഇന്ത്യയിലെ ഇരുപത്തിയാറ് ശതമാനം കാൻസർ രോ​ഗികളും കഴുത്തിലോ, തലയിലോ ട്യൂമറുകൾ ഉള്ളവരെന്ന് പഠനം. ഹെഡ്&നെക്ക് കാൻസർ കേസുകളിൽ വൻവർധനവാണ് ഉണ്ടായിട്ടുള്ളതെന്നും പഠനത്തിൽ പറയുന്നു. രാജ്യത്തെ 1869 കാൻസർ രോ​ഗികളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തലിലെത്തിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷനാണ് പഠനം നടത്തിയത്. രാജ്യത്തെ ഹെഡ്&നെക്ക് കാൻസർ രോ​ഗികളുടെ നിരക്ക് വർധിക്കുകയാണെന്ന് കാൻസർ മുക്ത് ഭാരത് ക്യാംപയിന്റെ മേധാവിയായ സീനിയർ ഓങ്കോളജിസ്റ്റ് ഡോ.ആശിഷ് ​ഗുപ്ത വ്യക്തമാക്കി. യുവാക്കളിലാണ് ഈ കാൻസറുകൾ കൂടുതലായി കാണപ്പെടുന്നത്. പുകയില ഉപയോ​ഗം കൂടുന്നതും എച്ച്.പി.വി. വൈറസുമാണ് കൂടുന്ന ഹെഡ്&നെക്ക് കാൻസറുകൾക്ക് പിന്നിലെന്നും പഠനത്തിൽ പറയുന്നു. വായയിൽ അർബുദം ഉള്ള എൺപതുമുതൽ തൊണ്ണൂറുശതമാനം കാൻസർ രോ​ഗികളും ഏതെങ്കിലും തരത്തിൽ പുകയില ഉപയോ​ഗിക്കുന്നവരാണ്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഹെഡ്& നെക്ക് കാൻസറുകൾ പ്രതിരോധിക്കാനാവുമെന്നും ആശിഷ് ​ഗുപ്ത പറയുന്നു. പുകയിലശീലം നിർത്താനും, കാൻസർ സ്ക്രീനിങ്ങുകൾ ഊർജിതമാക്കാനുമുള്ള അവബോധപരിപാടികൾ നടത്തണം. രാജ്യത്തെ മൂന്നിലൊന്ന് കാൻസറുകളും വൈകി സ്ഥിരീകരിക്കുന്നതിനുപിന്നിൽ സ്ക്രീനിങ് വേണ്ടരീതിയിൽ നടത്താതാണ്. ​ഹെഡ്&നെക്ക് കാൻസറുകൾ ആദ്യഘട്ടത്തിലോ, രണ്ടാംഘട്ടത്തിലോ ആണ് കണ്ടെത്തുന്നതെങ്കിൽ എൺപതുശതമാനം രോ​ഗികളിലും ചികിത്സിച്ച് ഭേദമാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.