വയനാട് ഉരുൾപൊട്ടൽ; മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി ആരോ​ഗ്യമന്ത്രി

വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടി 44 പേർ മരണപ്പെട്ടതായി ഔദ്യോ​ഗിക സ്ഥിരീകരണം. മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 70 ഓളം പേർ പരിക്കേറ്റ് ആശുപത്രയിൽ ചികിത്സയിലുണ്ട്. വയനാട് മേപ്പാടിയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ കണക്ക് മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. നിലമ്പൂരിലുൾപ്പെടെ ഉരുൾപ്പൊട്ടലിനെ തുടർന്ന് നദിയിലൂടെ ഒഴുകിയെത്തിയെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ നിലവിൽ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരുകയാണ്. നിരവധി പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ ആരോ​ഗ്യ പ്രവർത്തകരുടെ ടീമുകൾ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.