പുകവലിക്കുന്ന സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെയെത്തും എന്ന് പഠന റിപ്പോർട്ട്

പുകവലിക്കുന്ന സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെയെത്തും എന്ന് പഠന റിപ്പോർട്ട്. കൗമാരത്തിലും യൗവ്വനത്തിലും പുകവലി ശീലമാക്കിയ സ്ത്രീകളിലും പാസീവ് സ്മോക്കിങ് അനുഭവിക്കേണ്ടി വന്ന സ്ത്രീകളിലും ആർത്തവ വിരാമം പതിവിലും നേരത്തെയുണ്ടാകാമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ക്ളീവ്​ലാൻഡ് ക്ലിനിക്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലി പലരിലും ജീവിതശൈലിയുടെ ഭാഗമായതോടെ സാരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗർഭാശയത്തിൻറെ പ്രവർത്തനങ്ങളെ സുഗമമാക്കുന്ന സ്റ്റിറോയ്ഡുകളുടെ പ്രവർത്തനത്തെ സിഗരറ്റിലുള്ള കാഡ്മിയം തടസപ്പെടുത്തുന്നു. ഇതോടെ അണ്ഡങ്ങളുടെ വളർച്ച മുരടിക്കുകയും അണ്ഡോൽപാദനം നടക്കാതെ വരുന്ന സ്ഥിതിയും സംജാതമാകുന്നു. പുകവലിക്കുന്നവരിൽ വളരെ ഉയർന്ന അളവിലാണ് ബെൻസോപൈറീൻ കാണപ്പെടുന്നത്. ഇത് അണ്ഡോൽപാദനത്തെ ത്വരിതപ്പെടുത്തുന്ന ഹോർമോണുകളെ ദോഷകരമായി ബാധിക്കുന്നു. ഇതിൻറെ ഫലമായി അണ്ഡാശയത്തിൽ നേരത്തെ തന്നെ വിഘടനം സംഭവിക്കുകയും ചെയ്യുന്നു. ഹോർമോണുകളുടെ പ്രവർത്തനത്തെ പുകയിലെ വിഷവസ്തുക്കൾ തടസപ്പെടുത്തുന്നതോടെ പുകവലിക്കുന്ന സ്ത്രീകളിൽ ആർത്തവചക്രം കൃത്യമല്ലാതെയാകും. ഇത് ആർത്തവ വിരാമം നേരത്തെയാകാനുള്ള കാരണങ്ങളിൽ പ്രധാനമാണ്. സിഗരറ്റ് വലിക്കുന്നതിലൂടെ ഉള്ളിലെത്തുന്ന പുക ജനിതകഘടനയിൽ മാറ്റമുണ്ടാക്കാൻ പോന്നതാണെന്നും ഇത് അണ്ഡത്തിൻറെ വളർച്ചയെ മുരടിപ്പിക്കുന്നുവെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എത്ര സിഗരറ്റ് ഓരോ ദിവസവും വലിക്കുന്നുവെന്നതും എത്ര കാലമെന്നതും ആർത്തവിരാമം നേരത്തെയാകുന്നതിനെ ബാധിക്കുന്നതാണ്. സ്വാഭാവികമായി ആർത്തവ വിരാമം സംഭവിക്കേണ്ട സമയത്തിൽ നിന്നും രണ്ടര ആഴ്ച വീതം അധികമായി വലിക്കുന്ന സിഗരറ്റ് കവരുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പുകവലി എത്ര നേരത്തെ ഉപേക്ഷിക്കാമോ അത്രയും നല്ലതാണെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. 30 വയസാകുന്നതിന് മുൻപ് പുകവലി ഉപേക്ഷിക്കാനായാൽ ആർത്തവ വിരാമം നേരത്തെയാകുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. പുകവലിക്കുന്നവരിൽ എല്ലുകളുടെ ആരോഗ്യവും ഹൃദയാരോഗ്യവും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ നേരത്തെ അപകടത്തിലാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.