ലോകത്ത് ഏകദേശം നാലു കോടി പേർ എച്ച്.ഐ.വി. ബാധിതരായി ജീവിക്കുന്നുവെന്ന് യു.എൻ. 90 ലക്ഷം പേർക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഇതുമൂലം ഓരോമിനിറ്റിലും എയ്ഡ്സ് സംബന്ധമായ കാരണങ്ങളാൽ മരണങ്ങൾ സംഭവിക്കുന്നുണ്ട് എന്നും യു.എൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ തന്നെ എയ്ഡ്സ് രോഗികളുടെ നിരക്ക് കുറയ്ക്കാൻ പദ്ധതികളുണ്ടെങ്കിലും ഇവ പലതും മെല്ലെപ്പോക്കായെന്നും ഫണ്ടുകളുടെ അഭാവമുണ്ടെന്നും മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക, ഈസ്റ്റേൺ യൂറോപ്- സെൻട്രൽ ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ രോഗബാധിതർ വർധിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് എയ്ഡ്സ് അനുബന്ധ മരണങ്ങളിൽ കുറവുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ 2023-ൽ മാത്രം പുതിയ രോഗികൾ മൂന്നുമടങ്ങ് കൂടുതലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സമൂഹത്തിൽ സ്റ്റിഗ്മയും വിവേചനവും അനുഭവിക്കുന്ന, പാർശ്വവൽക്കരിക്കപ്പെട്ടവരിലാണ് പുതിയ HIV രോഗികൾ കൂടുതലുള്ളത്. ലൈംഗിക രോഗികൾ, പുരുഷപങ്കാളികൾ ഉള്ളവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ തുടങ്ങിയവരിൽ HIV വർധിച്ചതായും റിപ്പോർട്ട് പറയുന്നു.