പലതരം കാൻസറുകളുടെയും പ്രധാന കാരണം ജീവിതശൈലി എന്ന് പഠന റിപ്പോർട്ട്

പലതരം കാൻസറുകളുടെയും പ്രധാന കാരണം ജീവിതശൈലി എന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ നാൽപതിൽ അധികം കാൻസറുകളേയും അനുബന്ധ മരണങ്ങളേയും പ്രതിരോധിക്കാമെന്നാണ് പഠനത്തിൽ പറയുന്നു. ആരോ​ഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്തുക, ഭക്ഷണരീതി ആരോ​ഗ്യകരമാക്കുക, വ്യായാമങ്ങളിൽ ഏർപ്പെടുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കാൻസർ സ്ഥിരീകരണ നിരക്കും മരണങ്ങളും പ്രതിരോധിക്കാമെന്നു പഠനത്തിൽ പറയുന്നു. 2019-ൽ അമേരിക്കയിൽ നിന്നുള്ള ഡേറ്റയെ കേന്ദ്രീകരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. പുകവലി, ശരീരഭാരം, മദ്യപാനം, ഭക്ഷണരീതി, വ്യായാമമില്ലായ്മ, കാൻസർ സ്ക്രീനിങ്ങുകൾ നടത്താതിരിക്കൽ, സൂര്യപ്രകാശമേൽക്കൽ, അണുബാധകൾ തുടങ്ങിയവയാണ് കാൻസറിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളായി ​ഗവേഷകർ കണ്ടെത്തിയത്. ഇതിൽ പുകവലിയാണ് കാൻസർ സാധ്യതയും മരണനിരക്കും വർധിപ്പിക്കുന്നതിൽ മുന്നിൽ ഉള്ളത്. അമിതവണ്ണം മൂലം കാൻസർ നിരക്കും മരണവും രേഖപ്പെടുത്തുന്നത് ഏഴുശതമാനവും മദ്യപാനം മൂലം നാലുമുതൽ അഞ്ചുശതമാനവും അനാരോ​ഗ്യകരമായ ഭക്ഷണരീതി മൂലം നാലുശതമാനവും വ്യായാമമില്ലായ്മ മൂലം മൂന്നുശതമാനവും ആണെന്ന് ഗവേഷകർ പറയുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലെ കുറവാണ് മിക്കവരിലും ഭക്ഷണരീതിമൂലമുള്ള കാൻസറുകളിലേക്ക് നയിച്ചത്. കാൻസർ സ്ക്രീനിങ്ങുകൾക്ക് തയ്യാറാകാത്തത് പ്രധാനപ്രശ്നമാണെന്നും ഇതുമൂലം രോ​ഗംനേരത്തേ തിരിച്ചറിയപ്പെടാതെ വൈകിയവേളയിൽ തിരിച്ചറിയുന്നത് ​ഗുരുതരസാധ്യതയും മരണനിരക്കും കൂട്ടുകയാണെന്നും ​ഗവേഷകർ‌ പറയുന്നു. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് രോ​ഗാണുവിനെ ഭയന്നും സാമ്പത്തിക പ്രതിസന്ധി മൂലവുമൊക്കെ പരിശോധനയിൽ നിന്ന് വിട്ടുനിന്നവർ നിരവധിയാണെന്നും പഠനത്തിൽ പറയുന്നു. അമേരിക്കയിലെ സ്കിൻ മെലനോമ കേസുകളിൽ 93ശതമാനവും സൂര്യപ്രകാശം അമിതമായി ഏറ്റതുമൂലമാണെന്നും ​ഗവേഷകർ പറയുന്നു. കൂടാതെ എച്ച്.പി.വി. അണുബാധയും കാൻസർ സാധ്യത വർധിപ്പിച്ചുവെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.