സൗദി അറേബ്യയിൽ മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു

സൗദി അറേബ്യയിൽ മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. ഇതുവരെ ഇതിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 5,33,000 ആയെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ അറിയിച്ചു. ഇതര മനുഷ്യരുടെ ജീവൻ രക്ഷിക്കാനും അവരുടെ അനാരോഗ്യ ദുരിതം അവസാനിപ്പിക്കാനും ജീവിതത്തിൽ പുതിയ അവസരങ്ങൾക്കായി അവർക്ക് പ്രതീക്ഷ നൽകാനും ആഗ്രഹിക്കുന്ന നല്ല മനുഷ്യരുടെ എണ്ണം ചെറുതല്ലെന്നത് വളരെ ആഹ്ലാദകരമാണെന്നും അവയവം മാറ്റിവെക്കൽ കേന്ദ്രം മേധാവി ഡോ. ത്വലാൽ അൽഖൗഫി വ്യക്തമാക്കി. രാജ്യത്ത് അവയവ മാറ്റിവയ്ക്കൽ പദ്ധതി ആരംഭിച്ചത് മുതൽ 2023 വരെ മരണാനന്തരം മാറ്റിവച്ച അവയവങ്ങളുടെ എണ്ണം ആകെ 6000ലേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മെഡിക്കൽ സേവനങ്ങൾ രാജ്യത്തെ 26 മേഖലകളിലും പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.