എല്ലാ സാംക്രമിക രോഗങ്ങളുടെയും മുകളിലായി ക്ഷയം തുടരുകയാണെന്ന് വിദഗ്ധൻ. പ്രതിവർഷം ലോകത്തിൽ 1.5 ദശലക്ഷം മരണങ്ങൾക്ക് ഇത് കാരണമാകുന്നുണ്ടെന്ന് പ്രമുഖ മൈക്കോബയോളജിസ്റ്റും ഹൈദരാബാദിലെ സിഎസ്ഐആർ-സിസിഎംബി ഡയറക്ടറുമായ ഡോ. വിനയ് നന്ദിക്കൂരി പറഞ്ഞു. അതേസമയം മൈക്കോബാക്റ്റീരിയൽ സെൽ ഡിവിഷൻ ലാബുകളിലെ പുതിയ ഗവേഷണങ്ങളും പഠനങ്ങളും ഈ മാരകരോഗത്തെ ഫലപ്രദമായി നേരിടാൻ തക്കവിധത്തിലുള്ള പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഡിലിനിയേറ്റിംഗ് സോളിക്യുലാർ മെക്കാനിസംസ് ദാറ്റ് ഡ്രൈവ് ദ സർവൈവൽ ഓഫ് മൈക്കോബാക്ടീരിയം ട്യൂബർക്യുലോസിസ്’ എന്ന വിഷയത്തിൽ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗങ്ങളിലൊന്നാണ് ക്ഷയം അഥവാ ടിബി. ഈജിപ്തിലെ മമ്മികളിൽ പോലും അതിനുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. എച്ച്ഐവിയും ക്ഷയവും കലർന്നുള്ള രോഗാവസ്ഥയിൽ ക്രമാനുഗതമായ വർധനവ് സംഭവിച്ചിട്ടുണ്ട്. കൂടുതൽ ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡോ. വിനയ് നന്ദിക്കൂരി പറഞ്ഞു.