മാവിൽ നിന്ന് വീണ് കമ്പ് കുത്തികയറി മലദ്വാരം തകർന്ന എട്ടു വയസ്സുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തി തൃശൂർ മെഡിക്കൽ കോളേജ്. തൃശൂർ ചാവക്കാട് സ്വദേശി എട്ടു വയസ്സുകാരനെയാണ് രണ്ട് മേജർ ശസ്ത്രക്രിയകൾക്ക് ശേഷം തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. അപകടം സംഭവിച്ച നവംബര്‍ 10 ആം തിയതി രാത്രി തന്നെ, അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാൻ സഹായിച്ചത്. ആദ്യ ശസ്ത്രക്രിയക്ക് ശേഷം മുറിവ് പൂർണമായും ഉണങ്ങി എന്ന് ഉറപ്പുവരുത്തി, കുട്ടിക്ക് സാധാരണ രീതിയിൽ മലമൂത്ര വിസർജനം സാധ്യമാക്കുന്നതിന് മേയ് 29ന് രണ്ടാമത്തെ മേജർ ശസ്ത്രക്രിയ നടത്തി. ശിശുരോഗ ശസ്ത്രക്രിയ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. നിർമ്മൽ ഭാസ്കറിന്റെ നേതൃത്വത്തിലാണ് രണ്ട് ശസ്ത്രക്രിയകളും നടത്തിയത്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന തൃശൂർ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.