കടുത്ത മാനസിക രോഗത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ കീറ്റോ ഡയറ്റ് സഹായകമാണെന്ന് പഠന റിപ്പോർട്ട്

കടുത്ത മാനസിക രോഗത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ കീറ്റോ ഡയറ്റ് സഹായകമാണെന്ന് പഠന റിപ്പോർട്ട്. സ്റ്റാൻഫോഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ചിത്തഭ്രമം, ബൈപോളാർ ഡിസോഡർ തുടങ്ങിയ പല മാനസിക രോഗങ്ങളുടെയും നിയന്ത്രണത്തിനായി നൽകുന്ന ആന്റി സൈക്കോട്ടിക് മരുന്നുകൾ, അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം പാർശ്വഫലങ്ങൽ ലഘൂകരിക്കാനും, തലച്ചോറിലെ പ്രവർത്തനങ്ങൾക്ക് ഉണർവ് നൽകാനും, മികച്ച ഉറക്കം, നല്ല മൂഡ്, ആകമാനമുള്ള ജീവിത സംതൃപ്തി എന്നിവ നൽകാനും കീറ്റോ ഡയറ്റ് സഹായിക്കുമെന്ന് പഠനം പറയുന്നു. ഉയർന്ന തോതിൽ കൊഴുപ്പ് അടങ്ങിയതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. മീൻ, മാംസം, കൊഴുപ്പ് കൂടിയ പാലുത്പന്നങ്ങൾ, നട്‌സ്, വിത്തുകൾ, അവോക്കാഡോ, കാർബോ കുറഞ്ഞ പച്ചക്കറികൾ എന്നിവ കീറ്റോ ഡയറ്റിൽ അടങ്ങിയിരിക്കുന്നു. അതേ സമയം ധാന്യങ്ങൾ, പഞ്ചസാര, സ്റ്റാർച്ച് അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, സംസ്‌കരിച്ച ഭക്ഷണം എന്നിവയൊന്നും കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്നില്ല.