മെറ്റബോളിക് സിൻഡ്രോം, പൊണ്ണത്തടി എന്നിവ സ്ഥനാർബുദത്തിനു കാരണമായേക്കാം

മെറ്റബോളിക് സിൻഡ്രോം, പൊണ്ണത്തടി എന്നിവയ്ക്ക് സ്തനാർബുദവുമായി ബന്ധമുള്ളതായി പഠനം. ഈ രണ്ടു സാഹചര്യങ്ങളും സ്തനാർബുദ സാധ്യത വര്ധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. വുമൺസ് ഹെൽത്ത് ഇനിഷ്യേറ്റീവാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.

കാൻസർ വൈലീ ഓൺലൈൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി പിന്തുടരുന്നത് സ്തനാർബുദ മരണസാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു. അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദവും ബ്ലഡ് ഷു​ഗറും, അസാധാരണ കൊളസ്ട്രോൾ നില തുടങ്ങിയ അവസ്ഥകൾ ഒരുമിച്ചുള്ളതിനെയാണ് മെറ്റബോളിക് സിൻഡ്രോം എന്ന് പറയുന്നത്. മുമ്പ് സ്തനാർബുദം സ്ഥിരീകരിച്ചിട്ടില്ലാത്ത ആർത്തവവിരാമമായ 63,330 സ്ത്രീകളുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ച് 20 വർഷം നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.

അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം എന്നിവ ഉണ്ടായിരുന്നവരിൽ പിൽക്കാലത്ത് സ്തനാർബുദം സ്ഥിരീകരിക്കുന്ന നിരക്ക് കൂടുതലായിരുന്നുവെന്നും പഠനത്തിലുണ്ട്. ലോകാരോ​ഗ്യസംഘടന 2022-ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആ​ഗോളതലത്തിൽ സ്തനാർബുദംമൂലം 670000 മരണങ്ങൾ സംഭവിക്കുന്നുണ്ട്. 2.3 ദശലക്ഷം സ്ത്രീകളിൽ സ്തനാർബുദം സ്ഥിരീകരിക്കുന്നുമുണ്ട്. സ്തനാർബുദലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമാക്കി വിടാതെ എത്രയും പെട്ടെന്ന് ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക.