10 മാസം കൊണ്ട് 45 കിലോ ഭാരം കുറച്ച കൊച്ചി സ്വദേശി ഹരികൃഷ്ണന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 122 കിലോയിൽ നിന്ന് 77 കിലോയിൽ എത്തി നിൽക്കുകയാണ് ഹരികൃഷ്ണന്റെ വെയ്റ്റ് ലോസ് യാത്ര. 70 ശതമാനം ഡയറ്റും 30 ശതമാനം വ്യായാമവുമാണ് ഭാരം കുറയ്ക്കുന്നതിന് സഹായിച്ചതെന്ന് ഹരികൃഷ്ണൻ പറയുന്നു. 10 മാസമായി ജിമ്മിൽ പോകുന്നുണ്ട്. ഡയറ്റ് പ്ലാനും മറ്റ് ഭക്ഷണക്രമങ്ങളുമെല്ലാം സഹോദരനും ന്യൂട്രീഷ്യനിസ്റ്റുമായ അരുണാണ് പറഞ്ഞ് തന്നിരുന്നത്. 10 മാസം പൂർണമായും ചോറ് ഒഴിവാക്കിയുള്ള ഡയറ്റാണ് പിന്തുടർന്നിരുന്നത്. മധുരമുള്ള ഭക്ഷണങ്ങൾ, എണ്ണ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കി. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഭാരം കുറയ്ക്കുന്നതിന് ഡയറ്റ് പ്ലാൻ നോക്കുന്നതോടൊപ്പം ജിമ്മിൽ വൗർക്കട്ട് ചെയ്യാനും സമയം മാറ്റിവച്ചിരുന്നു. ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്തപ്പോൾ തന്നെ ഭാരം കുറയാൻ തുടങ്ങിയെന്നും ഹരികൃഷ്ണൻ വ്യക്തമാക്കുന്നു. ഭാരം കുറയ്ക്കുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്. അത് കൊണ്ട് തന്നെ ചിക്കൻ ഒഴിവാക്കിയിരുന്നില്ല. എന്നാൽ വളരെ ചെറിയ അളവിൽ മാത്രമാണ് കഴിച്ചിരുന്നത്. പച്ചക്കറികൾ, പയർവർഗങ്ങൾ, പഴങ്ങൾ എന്നിവ ഡയറ്റ് പ്ലാനിൽ ധാരാളം ഉൾപ്പെടുത്തിയിരുന്നു എന്നും ഹരി കൃഷ്ണൻ പറയുന്നു.