മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച് മലപ്പുറത്ത് രണ്ടു പേര് മരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ മുന്നറിയിപ്പ് നൽകിയത്. 47 ഉം 60 ഉം വയസ്സുള്ള പുരുഷന്മാരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ആണ് രോഗബാധ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ രണ്ടു മാസത്തിനിടെ 152 പേർക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപെടുത്തിയതായും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വ്യക്തമാക്കി.