ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സിടി സ്കാന്‍ യന്ത്രം തകരാറിലായതോടെ രോഗികള്‍ ദുരിതത്തില്‍. ഇതോടെ പലരും സ്വകാര്യ സ്ഥാപനങ്ങളില്‍ വലിയ തുക നല്കി സ്കാന്‍ ചെയ്യേണ്ട സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടിയന്തിര ചികിത്സയ്ക്കെത്തുന്നവരും ഇതോടെ പ്രതിസന്ധിയിലായി. സ്കാനിംഗ് യന്ത്രത്തിലെ പിക്ചര്‍ ട്യൂബ് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. 1500 രൂപ വരെയാണ് മെഡിക്കല്‍ കോളേജില്‍ സ്കാനിംഗിനുള്ള ചിലവ്. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്കാന്‍ ചെയ്യുമ്പോള്‍ വലിയ തുക നല്‍കേണ്ടി വരും. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും പുറത്ത് സ്കാന്‍ ചെയ്യേണ്ട അവസ്ഥയാണ്. ചില രോഗികളെ ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്കാന്‍ ചെയ്യുന്നുണ്ടെങ്കിലും ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ദിനംപ്രതി ഇരുനൂറിലധികം സ്കാനിംഗാണ് മെഡിക്കല്‍ കോളേജില്‍ നടന്നിരുന്നത്. വെള്ളിയാഴ്ചയോടെ പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.