ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്നു പഠനം

ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത അധികമെന്നു പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ടുലേന്‍, ബ്രിഗ്ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 20നും 65നും ഇടയില്‍ പ്രായമുള്ള 17,000 സ്ത്രീകളുടെ വിവരങ്ങള്‍ പഠനത്തിനായി ശേഖരിച്ചു. ഇവരില്‍ 11 വയസ്സിനോ അതിനു മുന്‍പോ ആര്‍ത്തവം ആരംഭിച്ചവരില്‍ പക്ഷാഘാത സാധ്യത 81 ശതമാനമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. 12 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 32 ശതമാനവും 14 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 15 ശതമാനവുമാണ് പക്ഷാഘാത സാധ്യതയെന്നും ഗവേഷകര്‍ കണ്ടെത്തി. വളരെ നേരത്തെ തന്നെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെട്ട് തുടങ്ങുന്നതാകാം ഇതിനു കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. ശരീരഭാരവും മറ്റൊരു ഘടകമാണെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.