കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വിസ അവതരിപ്പിച്ചു

മെഡിക്കല്‍ ടൂറിസം കൂടുതല്‍ ജനകീയമാകുന്ന സമയത്ത് ഇന്ത്യയെ പരമ്പരാഗത ചികിത്സയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വിസ അവതരിപ്പിച്ചു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് സംബന്ധമായ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വിസയാണിത്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വിസ ലഭിക്കുക. ആയുഷ് വിസ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന്റെ ആയുര്‍വേദ, സുഖചികിത്സ രീതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വീകാര്യതയുള്ളതിനാല്‍ ഉഴിച്ചിലിനും മറ്റ് ആയുര്‍വേദ ചികിത്സയ്ക്കും നിരവധി വിദേശികള്‍ എല്ലാ വര്‍ഷവും കേരളത്തിലെത്താറുണ്ട്.