തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് തന്നെ മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനികളും വ്യാപകമാകുന്നു. ഈമാസം മാത്രം 1,43,377 പേര്‍ക്കാണ് പകര്‍ച്ചപനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡെങ്കിപനിയുടെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതും, സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഒന്‍പത് എലിപ്പനി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതും മഴക്കാല രോഗങ്ങളില്‍ മുന്നറിയിപ്പ് നല്കുന്നു. കേരളം പനിച്ചുവിറയ്ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കൂടുതല്‍ പനിവാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. എലിപ്പനി പ്രതിരോധിക്കാന്‍ മരുന്നുകള്‍ വ്യാപകമായി നല്‍കുന്നുണ്ടെങ്കിലും പലരും മരുന്ന് കഴിക്കാന്‍ വിമുഖത കാട്ടുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാണ്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, നെഞ്ചിലും മുഖത്തും തടിപ്പുകള്‍ മുതലായവയാണ് ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. ഇവയ്ക്കൊപ്പം കടുത്ത വയറുവേദന, ശ്വാസ തടസം, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.