വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം. ന്യൂറോളജി എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈക്ലിങ്, നടത്തം, പൂന്തോട്ട പരിപാലനം, കായിക വിനോദങ്ങൾ എന്നിവയിലെല്ലാം ഏർപ്പെടുന്നതു വഴി പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനത്തിൽ കണ്ടെത്തി. 95,000 വനിതകളിൽ നിന്നുള്ള ഡേറ്റകൾ ശേഖരിച്ചായിരുന്നു പഠനം നടത്തിയത്. ശരാശരി 49 വയസ്സ് പ്രായമുണ്ടായിരുന്ന ഇവരിൽ പഠനത്തിന്റെ തുടക്കകാലത്ത് രോഗം കണ്ടെത്തിയിരുന്നില്ല. തുടർന്ന് മുപ്പത് വർഷത്തോളം ഇവരെ നിരീക്ഷിച്ചാണ് വിലയിരുത്തലിൽ എത്തിയത്. ഇവരിൽ ആയിരം പേർക്ക് പിൽക്കാലത്ത് പാർക്കിൻസൺസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പഠനത്തിൽ പങ്കെടുത്തവരിൽ വ്യായാമത്തിലേർപ്പെട്ട വിഭാഗത്തിന്റെ പാർക്കിൻസൺസ് ഡിസീസ് സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 25 ശതമാനം കുറവായിരുന്നുവെന്ന് കണ്ടെത്തി.