ബ്രഹ്മപുരത്തെ തീപിടുത്തം: അന്തരീക്ഷത്തിൽ വിഷപ്പുക വ്യാപിക്കുന്നു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപീടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, പ്രായമായവര്‍ തുടങ്ങി ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. പുറത്തിറങ്ങുമ്പോള്‍ എന്‍95 മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. ആരോഗ്യമുള്ളയാളുകളില്‍ സാധാരണയായി ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയില്ല. എന്നാല്‍ വായു മലിനീകരണത്തിന്റെ തോത് ഉയര്‍ന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ചില ആളുകള്‍ക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുക.