കെ ആര്‍ മീരയുടെ നേത്രോന്മീലനം ഓഡിയോ പുസ്തകമായി

    കൊച്ചി: പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീരയുടെ നോവല്‍ നേത്രോന്മീലനം ഓഡിയോ പുസ്തകമായി. സ്വീഡന്‍ ആസ്ഥാനമായ മുന്‍നിര ഓഡിയോ ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെല്‍ വഴിയാണ് നേത്രോന്മീലനത്തിന്റെ ഓഡിയോ ബുക് എത്തിയിരിക്കുന്നത്.

    ഗര്‍ഭിണിയായ ഭാര്യയെ പെട്ടെന്നൊരു നാള്‍ കാണാതാവുന്ന പ്രകാശന്‍ എന്ന ആളിന്റെ അന്വേഷണങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭാര്യ ദീപ്തിയുടെ കാണാതാവലോടെ അയാളുടെ കാഴ്ചയും നഷ്ടപ്പെടുന്നു. അവളെ തേടിയുള്ള അന്വേഷണത്തിനിടയില്‍ അയാള്‍ മറ്റൊരു സ്ത്രീയെ കണ്ടുമുട്ടുന്നു, രജനിയെ. അവളാണ് അയാള്‍ക്കു പിന്നീട് ഉള്‍ക്കാഴ്ചയേകുന്നത്. പുറംകാഴ്ചയില്‍നിന്നും അകക്കാഴ്ചയിലേക്കുള്ള പ്രകാശന്റെ സഞ്ചാരമാകുന്നു ഈ നോവല്‍. സ്‌നേഹമാണ് യഥാര്‍ത്ഥകാഴ്ചയുടെ അടിസ്ഥാനമെന്ന തിരിച്ചറിവിലേക്ക് വായനക്കാരെ നയിക്കുകയാണ് നേത്രോന്മീലനം. കാഴ്ചയുടെ കേവലാര്‍ത്ഥത്തില്‍നിന്നു മാറി അന്ധതയെ അറിവും തിരിച്ചറിവും ഇല്ലായ്മയായി അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ കെ. ആര്‍. മീര. പരസ്പരവിനിമയം നഷ്ടമാകുന്നതാണ് അന്ധത എന്ന് മീര ഈ നോവലിലൂടെ പറയുന്നു.

    ഒരു സങ്കീര്‍ത്തനം പോലെ ഉള്‍പ്പെടെ ആയിരത്തിലേറെ മലയാള പുസ്തകങ്ങളാണ് സ്റ്റോറിടെല്‍ ഓഡിയോ പുസ്തകങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളിലായി രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങളുമുണ്ട്. മലയാളമുള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ക്കായി സെലക്റ്റ് വിഭാഗത്തില്‍ സ്റ്റോറിടെല്‍ ഈയിടെ അവതരിപ്പിച്ച 399 രൂപയുടെ വാര്‍ഷിക വരിസംഖ്യാ ഓഫറും തുടരുന്നു. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.